കല്ലേൻ പൊക്കുടൻ എന്ന പ്രകൃതി സ്‌നേഹി

Admin
0


Image courtesy -Facebook

കണ്ണൂർ ജില്ലയിലെ ഏഴോംപഞ്ചായത്തിലെ എടക്കീൽതറയിൽ1937 ൽ പിറന്നു. പതിനെട്ടാം വയസ്സിൽ അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏഴോം കർഷകത്തൊഴിലാളി സമരവും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി കേസുകളിലും പ്രതിയാക്കപ്പെട്ടു.

ഏഴോം കർഷകത്തൊഴിലാളി സമരം(1968-69) സംഘർഷത്തിൽ കലാശിച്ച് ജന്മിയുടെ സഹായികളിലൊരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു.

                                                                Image courtesy -Facebook

പിന്നീട് സജീവരാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി. കണ്ടൽ മരങ്ങൾ വച്ച് പിടിപ്പിച്ച് ലോകശ്രദ്ധതന്നെ നേടി. പൊക്കുടന്റെ ആത്‌മകഥയായ കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാളപാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ആദിവാസി-ദളിതുകൾക്കെതിരെനടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013ൽ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധഎന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രം ചെയ്തു.

അഞ്ഞൂറു കണ്ടൽച്ചെടി നട്ടാണു പൊക്കുടൻ പരിസ്ഥിതിപ്രവർത്തനം തുടങ്ങിയത്. 1989ൽ പഴയങ്ങാടി– മുട്ടുകണ്ടി ബണ്ടിന്റെ കരയിലായിരുന്നു തുടക്കം. കത്തുന്ന വെയിലിൽ അലഞ്ഞുനടന്നു കണ്ടൽ വിത്തുകൾ ശേഖരിക്കും. ബണ്ടിനരികിൽ കൊണ്ടുവന്നു നടും പിന്നെയുള്ള ദിവസങ്ങളിൽ പലവട്ടം ഇതുവഴി നടക്കും.

 മുളച്ചുപൊന്തുന്ന ചെടികളിൽ ഒരെണ്ണം ചാഞ്ഞാലോ ചരിഞ്ഞാലോ ഉടൻ അതു നേരെയാക്കാൻ മുണ്ടുംകുത്തി പുഴയിലിറങ്ങും. മുന്നു നാലു വർഷം കൊണ്ടു ഈ ചെടികൾ വളർന്നുതുടങ്ങി. ചെടികളുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലുമെത്തി.. കണ്ടൽ വളരുന്നതിനൊപ്പം പൊക്കുടന്റെ പേരും വളർന്നു. കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽത്തൈകളാണു പൊക്കുടൻ നട്ടത്. 


പൊക്കുടന്റെ വീടിനുമുന്നിൽ പേരും വിലാസവും രേഖപ്പെടുത്തി നാട്ടിയ ഇരുമ്പ് പാളി

കണ്ടലിനെക്കുറിച്ചറിയാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും പരിസ്ഥിതിപ്രവർത്തകരും ഗവേഷകരും പൊക്കുടനെത്തേടിവന്നു. പൊക്കുടനെത്തേടി ഒട്ടേറെ പുരസ്കാരങ്ങളുമെത്തി. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നവർക്കെതിരെയും പൊക്കുടൻ രംഗത്തിറങ്ങി.

പറശിനിക്കടവിൽ കണ്ടൽക്കാടു വെട്ടി സിപിഎം പാർക്കു നിർമ്മിക്കാനൊരുങ്ങിയപ്പോൾ എതിർത്തു.
സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും കണ്ടൽസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസെടുക്കാൻ പ്രായാധിക്യം വകവയ്ക്കാതെ അദ്ദേഹം ഓടിയെത്തി. 

കുട്ടികളുടെ നേതൃത്വത്തിൽ പല പ്രദേശങ്ങളിലും കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു പൊക്കുടനാണ്.കണ്ടലുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കണ്ടൽ ചെടികൾ വെട്ടിനശിപ്പിക്കുന്നതിൽ പോലും രാഷ്ട്രീയമുണ്ടായിരുന്ന ജില്ലയിൽ കണ്ടൽ വെട്ടുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന കോടതി വിധി സമ്പാദിക്കാനും പൊക്കുടന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർക്കു കഴിഞ്ഞു.

യൂഗോസ്ലാവ്യ,ജർമ്മനി,ഹംഗറി,ശ്രീലങ്ക,നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സർവ്വകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണപ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് .
കല്ലേൻ പോക്കൂടന്റെ നിർദ്ദേശപ്രകാരം കേന്ദ്ര വനം വകുപ്പ് പഠനം നടത്തുകയും നിരങ്ങിന്റെ മാട് എന്ന പ്രദേശം കേന്ദ്ര റിസർവ് കണ്ടൽ പാർക്ക് ആക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ രോഗത്തേത്തുടർന്ന് 2015ൽ അന്തരിച്ചു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)