About Theyyam



കോലത്തുനാട്ടിലെ അനുഷ്ഠാന കലാരൂപമാണ് തെയ്യം. കാവുകളിലും കോട്ടങ്ങളിലും തറവാട്ടുമുറ്റങ്ങളിലുമാണ് തെയ്യക്കോലങ്ങള്‍ കെട്ടി ആടുന്നത്. തുലാമാസം പത്തു മുതല്‍ ജൂണ്‍ അവസാനം വരെയാണ് തെയ്യക്കാലം.

മനുഷ്യന്‍ ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളുകയും അതിലൂടെ ദേവതയെ പ്രീതിപ്പെടുത്തുകയും തിരിച്ചു ദേവത സമൂഹത്തിന് ഐശ്വര്യവും സമാധാനവും നല്‍കുന്ന വിശ്വാസപ്രക്രിയയാണ് തെയ്യം. അമ്മ ദൈവങ്ങള്‍, മന്ത്രമൂര്‍ത്തികള്‍, ഇതിഹാസ കഥാപാത്രങ്ങള്‍, വനദേവതകള്‍, നാഗകന്യകകള്‍, വീരന്മാര്‍, സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതി വീരമൃത്യുവരിച്ചവര്‍-ഇവരെല്ലാം തെയ്യങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. വണ്ണാന്‍, മലയന്‍, മാവിലന്‍, വേലന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയര്‍, കോപ്പാളര്‍ തുടങ്ങിയവരാണ് സാധാരണ തെയ്യക്കോലങ്ങള്‍ കെട്ടുന്നത്. നിശ്ചിത തെയ്യങ്ങള്‍ നിശ്ചിത വിഭാഗക്കാര്‍ മാത്രമേ അവതരിപ്പിക്കൂ.

വൈവിധ്യ പൂര്‍ണ്ണമായ ചടങ്ങുകളാണ് തെയ്യത്തിനുള്ളത്. അടയാളം കൊടുക്കലാണ് തെയ്യത്തിന് മുമ്പുള്ള ആദ്യ ചടങ്ങുകളിലൊന്ന്. തെയ്യത്തിനുള്ള തീയതി നിശ്ചയിച്ച് കോലക്കാരനെ, അതായത് തെയ്യം കെട്ടുന്ന ആളെ, കോലം കെട്ടാന്‍ ഏല്പിക്കുന്ന ഏര്‍പ്പാടാണിത്. കോലക്കാരന്‍ ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ വ്രതം എടുക്കാറുണ്ട്. പൂര്‍ണ്ണരൂപത്തിലുള്ള തെയ്യക്കോലത്തിന് മുന്നോടിയായി ലളിതമായ വേഷത്തോടുകൂടിയുള്ള അവതരണമാണ് തോറ്റവും വെള്ളാട്ടവും. തോറ്റം കെട്ടിയ അവസരത്തില്‍ അതാത് തെയ്യത്തിന്റെ ഉല്പത്തി കഥ ഉള്‍ക്കൊള്ളുന്ന ഭാഗം തോറ്റി ഉണര്‍ത്തുന്ന ചടങ്ങുണ്ട്. തോറ്റം കെട്ടിയ കോലക്കാരനും സഹായികളും ഇതില്‍ പങ്കെടുക്കും. ഇതിനു തോറ്റംപാട്ട് എന്നു പറയും.

ചെണ്ട, വീക്കുചെണ്ട, ഇലത്താളം, കുഴല്‍ എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങള്‍. പുലയര്‍ മുതലായ സമുദായക്കാര്‍ തുടിയും ഉപയോഗിക്കാറുണ്ട്. തോറ്റം പാട്ടുകളിലൂടെയാണ് അതാതു തെയ്യത്തിന്റെ ഉല്പത്തിയും മറ്റു പ്രത്യേകതകളും വിവരിക്കുന്നത്. തോറ്റമുള്ള തെയ്യങ്ങള്‍ക്ക് ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്നിവ ഉണ്ടാകും. തോററത്തേക്കാള്‍ വേഷവും ഉടയാടകളും വെള്ളാട്ടത്തിന് ഉണ്ടാകും. മുഖത്ത് തേപ്പും തലയില്‍ ചെറിയ മുടിയും വെക്കും. എല്ലാ തെയ്യങ്ങള്‍ക്കും വെള്ളാട്ടമുണ്ടാകാറില്ല. തോറ്റമോ വെള്ളാട്ടമോ ഇല്ലാത്ത തെയ്യങ്ങള്‍ക്ക് കൊടിയില വാങ്ങുന്ന ചടങ്ങു മാത്രമേ കാണുകയുള്ളൂ.

തോറ്റവും വെള്ളാട്ടവും കഴിഞ്ഞാണ് മുഖത്തെഴുത്തും ആടയാഭരണങ്ങളും മുടിയും വെച്ച പൂര്‍ണ്ണ രൂപത്തിലുള്ള തെയ്യത്തിന്റെ പുറപ്പാട്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന വൈവിധ്യമുള്ള നിറങ്ങളാണ് തെയ്യത്തിന്റെ മുഖത്തെഴുത്തിന് ഉപയോഗിക്കുക. ചായില്യം, കരിമഷി, അരിപ്പൊടി, മനയോല തുടങ്ങിയവ വര്‍ണ്ണങ്ങളായി ഉപയോഗിക്കുന്നു.

വ്യത്യസ്ത തെയ്യങ്ങള്‍ക്ക് വ്യത്യസ്ത മുഖത്തെഴുത്ത്. ഒളികണ്ണ്, ശംഖും വൈരിദ്ദളം, കുറിയെഴുത്ത്, തേപ്പും കുറി, കാട്ടാരംപുള്ളി തുടങ്ങിയ പേരുകളിലാണ് മുഖത്തെഴുത്തുകള്‍ അറിയപ്പെടുന്നത്. വട്ടമുടി, വലിയമുടി, പൂമുടി, തിരുമുടി, ചട്ടമുടി, പുറത്താട്ടുമുടി എന്നിങ്ങനെ മുടികള്‍ നാനാതരം. ഓട്, വെള്ളി, സ്വര്‍ണ്ണം, കുരുത്തോല, പട്ട്, ചെക്കിപ്പൂവ് ഇവ കൊണ്ടാണ് അലങ്കാരങ്ങള്‍. ഒരോ തെയ്യത്തിന്റേയും സ്വഭാവത്തിന് അനുസരിച്ചു കൂടിയാണ് മുഖത്തെഴുത്തും മുടിയും ആടയാഭരണങ്ങളും. ഉടയിലും മുടിയിലും തീപന്തങ്ങള്‍ വെച്ചാടുന്ന തെയ്യങ്ങള്‍ ഉണ്ട്. തീച്ചാമുണ്ടി പോലുള്ള തെയ്യങ്ങള്‍ അഗ്നിയില്‍ ചാടും.

കൊല്ലത്തിലൊരിക്കലാണ് കാവുകളിലും മററും തെയ്യം കെട്ടിയാടുന്നത്. ഇതിനെ കളിയാട്ടം എന്നും പറയും. വളരെ കാലം കൂടി നടത്തുന്നതിനെ പെരുങ്കളിയാട്ടം എന്നു വിളിക്കും.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)