കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂർ ജില്ലയിൽ ആണ്. കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ, കേനന്നൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. തറികളുടേയും(കൈത്തറി) തിറകളുടേയും(തെയ്യം) നാട് എന്നാണ് കണ്ണൂർ അറിയപ്പെടുന്നത്
പേരിനു പിറകിൽ
കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ്ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്. ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറൻ തീര തുറമുഖങ്ങളെ പരാമർശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം പതിനാലാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഫ്രിയർ ജോർഡാനസ് ആണ് കാനനൂർ എന്ന് ആദ്യം രേഖപ്പെടുത്തിയത്. സാംസ്കാരിക സവിശേഷതകൾ
തെയ്യങ്ങളുടെ നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം”. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.ഉത്തരമലബാറിൽ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യത്തിൻറെ വരവോടുകൂടിയാണ് .തെയ്യക്കാലം ഇവിടെ ആരംഭിക്കുന്നു
ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പൻ , വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട്ട്കുലവൻ, മുച്ചിലോട്ട് ഭഗവതി വിഷകണ്ഠൻ എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം,അണ്ടല്ലൂർ കാവ്, മുഴപ്പിലങ്ങാട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം,നീർവേലി ശ്രീരാമസ്വാമിക്ഷേത്രം തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം, തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, ആലക്കോട് അരങ്ങം ശിവക്ഷേത്രം, മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം, വയത്തൂർ വയനാട് കുലവൻ ക്ഷേത്രം, കുന്നത്തൂർപാടി മുത്തപ്പൻ ക്ഷേത്രം, പയ്യാവൂർ ശിവക്ഷേത്രം,മാമാനിക്കുന്നു മഹാദേവി ക്ഷേത്രം , തിരുവില്ലംകുന്ന് ശിവക്ഷേത്രം (പയ്യന്നൂർ) എന്നിവ വളരെ പ്രശസ്തങ്ങളായ ഹൈന്ദവ ആരാധനാലയങ്ങളാണ്.
പ്രത്യേകതകൾ
- കേരളത്തിൽ ഏറ്റവുമധികം കടൽ തീരമുള്ള ജില്ല.
- കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല.
- കേരളത്തിലെ ഏക കണ്ടോൺമെന്റ് ഉള്ള ജില്ല.
- കേരളത്തിൽ ഏറ്റവും കൂടുതൽ ബീഡി വ്യവസായമുള്ള ജില്ല
- കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല
- കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം
- കേരളത്തിൽ ഉപ്പുസത്യഗ്രഹം നടന്ന ജില്ല
വിശേഷണങ്ങൾ
- തെയ്യങ്ങളുടെ നാട്
- തിറകളുടെ നാട്
- തറികളുടെ നാട് (കൈത്തറിയുടെ)
- കലകളുടെ നാട്
- കേരളത്തിൻ്റെ മാഞ്ചസ്റ്റർ
- കള്ളുചെത്ത്, ചെങ്കൽ, ബീഡി ഇവയുടെ നാട്
- 3 "C" കളുടെ നാട് (Cake, Circus, Cricket) (തലശ്ശേരി)
- ചരിത്രത്തിൽ നോറ എന്നറിയപ്പെടുന്ന പ്രദേശം
- കേരളത്തിൽ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാർക്ക് ജന്മം നൽകിയ നാട്
- പാവങ്ങളുടെ പടത്തലവൻ AKG യുടെ ജന്മനാട്
- കണ്ടലുകളുടെ നാട്
വിവരങ്ങൾ കടപ്പാട് വിക്കി പീഡിയ