ഈ ക്ഷേത്രം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്
അക്കിപ്പറമ്പാണ് സ്ഥിതിചെയ്യുന്നത്...
അഗ്നി എന്ന യാഗം നടന്ന സ്ഥലമാണ് അഗ്നിപറമ്പ് പിന്നീട് അത് പരിണമിച്ച് അക്കിപ്പറമ്പ് എന്നായി മാറി..
ഈ ക്ഷേത്രത്തിന്റെ സ്ഥാപകരായ ആറു തറവാട്ടുകാരുടെ അതായത് കിഴക്കോട്
മീത്തലൈവീട്, താളം, കാനം, പടിഞ്ഞാറെവിട്, പാറംവീട് എന്നിവരുടെ കുലദേവതകളാണ് ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നത്.
ശ്രീ പാർവതിയുടെ അംശമായി ശ്രീ പുതിയടത്ത് ഭഗവതിയും
കൈലാസനാഥനായ ശ്രീ പരമശിവന്റെ സ്വരൂപമായ മഞ്ചുനാഥസ്വാമിയുടെ അംശമായി മഞ്ചുനാഥൻ
ദൈവവും വിഷ്ണുമായയിൽ സ്ഥിതിചെയ്യുന്ന കുന്നമംഗലത്ത് കരിയാത്തനും ലോകനാഥനയി
പാലാഴീയിൽ അനന്തശയനം കൊള്ളുന്ന മഹാവിഷ്ണുവും ഈ ക്ഷേത്രത്തിലെ ആരാധന മൂർത്തികളാണ്.
കൂടാതെ സർവജ്ഞനെങ്കിലും അമ്മമ്മാരുടെ മുമ്പിൽ പൊട്ടനായി മുഖപാളയ്ക്ക് പിന്നിൽ നിന്ന് അവരുടെ മൗഢ്യങ്ങളെ നോക്കികണ്ട് പൊട്ടി പൊട്ടി ചിരിക്കുകയും നാടൻ ഫലിതം തൊട്ട് അദ്വൈത വേദാന്തതത്വം വരെ മൊഴിയിൽ കലർത്തി കേൾവിക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പൊട്ടൻ ദൈവം പുതിയടത്തുകാവിലെ മറ്റൊരത്ഭുത സാന്നിദ്ധ്യമാണ്.
ഇവിടത്തെ കളിയാട്ട മഹോത്സവം മേടം 2ാം തീയ്യതി ആരംഭിച്ച് മേടം 13ാം തീയ്യതി നടക്കുന്ന തിരുവക്കാടി (അന്നദാനം)
ചടങ്ങോടുകൂടി പരിസമാപിക്കുന്നു.
ഐതിഹ്യം
ഒന്നാം പള്ളിയറ
ക്ഷേത്ര ഭഗവതിയും മഞ്ചുനാഥനും
വളരെ കാലങ്ങൾക്കുമുൻപ് ക്ഷേത്ര ജോലി സംബന്ധമായി ക്ഷേത്ര കുടുംബത്തിൽപെട്ട ഒരു കാരണവർ കർണാടകത്തിലെ ധർമ്മസ്ഥലത്തെത്തിചേർന്നു. ക്ഷേത്ര ജോലി പൂർത്തിയായ ശേഷം അദ്ദേഹം
അവിടെ നിന്നും പ്രതിഫലമായി കിട്ടിയ നെയ്തിരി വിളക്കുമായി ക്ഷേത്ര സന്നിധിയിൽ തന്നെ വിശ്രമിക്കുക
യായിരുന്നു. അർദ്ധരാത്രിയോട് അടുത്തസമയത്ത് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്ന് അദ്ദേഹത്തിന്റെ മുൻപിൽ ഒരു രോജോരൂപം നിൽക്കുന്നതായി കണ്ടുവെന്നും സൂക്ഷിച്ചു നോക്കിയപ്പോൾ ജടാധാരിയായ ത്രിശൂലധാരിയായ ശ്രീ കൈലാസനാഥന്നാണെന്ന് മനസ്സിലാകുകയും ചെയ്തു. ഭയഭക്തിയോടുകൂടി സാഷ്ടാംഗപ്രണാമം ചെയ്തപ്പോൾ ഇന്നുതന്നെ തളിപ്പറമ്പിലേക്കു യാത്രയാകൂ എന്നും കൂടെ ഞാനും
മാർഗ്ഗമദ്ധ്യേ ' കദിരി' എന്ന സ്ഥലത്തുവച്ച് ശ്രീശക്തിയും കൂടെ ഉണ്ടാകുമെന്നും കൽപ്പിച്ചുവത്രേ. കൽപ്പന കേട്ട് കാരണവർ ഉടനെ തളിപ്പറമ്പിനെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.തന്റെ കൂടെ ശിവശക്തി ചൈതന്യവും യാത്രയാകുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ഭക്തിപാരവശ്യത്താൽ യാത്രാക്ഷീണം അറിഞ്ഞില്ലെന്നും, താമസംവിനാ തളിപ്പറമ്പ് പുതിയടത്ത് കാവിൽ ആരുഢദേവനായ ശ്രീ നരസിംഹമൂർത്തിയുടെ തിരുസന്നി
ധിയിൽ എത്തി ചേരുകയും ചെയ്തു. ശ്രീ വൈകുണ്ഠനാഥനെ വണങ്ങിയ അദ്ദേഹം തന്റെ കൂടെ വന്ന ശിവശക്തി ചൈതന്യത്തെ ഒരു പീഠത്തിൽ ആരാധിച്ചിരുത്തിയെന്ന് പറയപ്പെടുന്നു.
ദേവപ്രശ്ന വിധി പ്രകാരം ശിവശക്തി ചൈതന്യത്തെ അതായത് ശാന്തസ്വരൂപിണിയായ ശ്രീ ഭദ്രകാളിയുടെയും
ശ്രീ പരമേശ്വരനായ ശ്രീ മഞ്ചുനാഥ പെരുമാളുടെയും പ്രതിഷ്ഠകർമ്മം താന്ത്രികവിധി പ്രകാരം നടത്തി
കളിയാട്ട മഹോത്സവമായി ആഘോഷിച്ചുവരണമെന്ന് അറിയിക്കുകയും ചെയ്തു. അത് പ്രകാരം പ്രതിഷ്ഠ കർമ്മം നടത്തി അന്നു മുതൽ ക്ഷേത്ര ഭഗവതി, മഞ്ചുനാഥൻ എന്നീ തെയ്യക്കോലങ്ങൾ കെട്ടി കളിയാട്ട മഹോത്സവമായി നടത്തിവരികയും ചെയ്തു.
രണ്ടാം പള്ളിയറ
ശ്രീ കരിയാത്തൻ ദൈവം
കാലാകാലങ്ങളിൽ തളിപ്പറമ്പ് പെരും തൃക്കോവിലപ്പനെ തൊഴുത് ഭജിച്ച് വന്നിരുന്ന ക്ഷേത്രകുടുംബാംഗങ്ങളുടെ ആരാധന സമ്പ്രദായത്തിലും ഭയഭക്തിവിശ്വാസത്തിലും സന്തോഷിച്ച് കിരാതമൂർത്തിയായി
ശ്രീ കുന്ദമംഗലത്ത് കരിയാത്തൻ ദൈവം പുതിയടത്ത് കാവിലേക്ക് എഴുന്നെള്ളുകയും ദേവപ്രശ്നചിന്തയിലൂടെ കാര്യങ്ങൾ മനസ്സിലാക്കി ശ്രീപീഠം നൽകി ആരാധിച്ചുവരികയും തുടർന്ന് താന്ത്രികവിധി പ്രകാരം തന്നെ പ്രതിഷ്ഠകർമ്മം നടത്തി കളിയാട്ട മഹോത്സവമായി നടത്തിവരുന്നതുമാണ് ഐതിഹ്യം.
മൂന്നാം പള്ളിയറ
ശ്രീ വിഷ്ണു മൂർത്തി
ശ്രീ നരസിംഹമൂർത്തിയായ വിഷ്ണു മൂർത്തിയാണ് ഈ ക്ഷേത്രത്തിന്റെ ആരൂഢദേവൻ.ശ്രീ വൈകുണ്ഠനാഥന്റെ പരമഭക്തനായ പ്രഹ്ളാദനെ ഹിരണ്യാക്ഷനിൽ നിന്നും രക്ഷിക്കുന്നതിനായി നരസിംഹ വേഷം പൂണ്ട രൂപത്തെയാണ് വിഷ്ണു മൂർത്തിയുടെ തിറ മഹോത്സവമായി നടത്തി വരുന്നത്.
ഇടം 9ാം തീയതി വിഷ്ണു മൂർത്തിയുടെ തോറ്റത്തോടുകൂടി ആരംഭിക്കുന്ന കളിയാട്ട മഹോത്സവം മേടം 12ാം തീയ്യതി വിഷ്ണു മൂർത്തിയുടെ തിറയോടുകൂടി പര്യവസാനിക്കുവാനുള്ള പ്രധാനകാരണം തന്നെ വിഷ്ണു മൂർത്തിയാണ് ഈ ക്ഷേത്രത്തിലെ ആരൂഢദേവൻ എന്ന തിനാലാണെന്ന് വിശ്വസിക്കപ്പെടുന്നു.
നാലാം പള്ളിയറ
ശ്രീ പൊട്ടൻ ദൈവം
ശ്രീ ശങ്കരാചാര്യർ സർവ്വജ്ഞപീഠം കയറുവാൻ സർവ്വസംഘവും ജയിച്ച് യാത്ര ആരംഭിച്ചപ്പോൾ ശങ്കരാചാര്യരെ പരീക്ഷിക്കുന്നതിനായി ശ്രീ പരമേശ്വരൻ ചണ്ഡാലവേഷം ചമഞ്ഞ രൂപമാണ് ശ്രീ പൊട്ടൻ ദൈവം. 'ചോയി' എന്ന സമുദായാംഗങ്ങളാൽ ആരാധിക്കപ്പെട്ടിരുന്ന ഈ മാവൻ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന 'ചോയിവളപ്പ് എന്ന സ്ഥലത്ത് നിന്നും കാവിലെ ആരാധന സമ്പ്രദായത്തിലും മറ്റുമുള്ള സന്തുഷ്ടികാരണം ശ്രീ പുതിയടത്ത് കാവിലേക്ക് എഴുന്നെള്ളി എന്നും ഇവിടെ പളളിയറ സ്ഥാനം നൽകി താന്ത്രികവിധി പ്രകാരം ആരാധന നടത്തി വരികയും ചെയ്തുവെന്നാണ് ഐതിഹ്യം.