ഉത്തരകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മാടായിക്കാവ് ഭദ്രകാളിക്ഷേത്രം അഥവാ തിരുവർക്കാട്ടുകാവ് ഭഗവതി ക്ഷേത്രം.കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരും രണ്ടാമത്തെ ഭദ്രകാളിക്ഷേത്രം മാടായിയിലുമാണെന്നാണ് പുരാവൃത്തം. ഈ രണ്ടു ക്ഷേത്രങ്ങളിൽനിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച അനേകം ക്ഷേത്രങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം കാണാം. ചിറയ്ക്കൽ കോവിലകത്തിന്റെ പരദേവതയാണ് മാടായിക്കാവിലമ്മ. ചെറുപയർ, കോഴി നിവേദ്യം എന്നിവ ഇവിടുത്തെ വഴിപാടുകളാണ്.
ഐതിഹ്യം
മാടായിക്കാവിന് പല വിശ്വാസങ്ങളും കഥകളുമുണ്ട്. കണ്ണൂരിലെ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വാസം. അദ്ദേഹം മറ്റു പ്രതിഷ്ഠകളുടെ കൂടെ ഭദ്രകാളിയെയും പ്രതിഷ്ഠിച്ചിരുന്നു. ഒരിക്കൽ ഇവിടെ ഭദ്രകാളിയുടെ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി തനിക്കിരിക്കുവാൻ മറ്റൊരു സ്ഥാനം വേണെമന്ന് ആവശ്യപ്പെടുകയുണ്ടായി. കോപത്തിന്റെ മൂർധന്യത്തിൽ വെളിച്ചപ്പാട് ഇവിടെ കത്തി ജ്വലിച്ചുകൊണ്ടിരുന്ന ഒരു വിറക് കൊള്ളി എടുത്ത് എറിഞ്ഞു. അത് ചെന്നു വീണത് മാടായി പാറയിലായിരുന്നുവത്രെ. കത്തുന്ന വിറക് പ്രതിഷ്ഠയ്ക്ക് സ്ഥാനം കണ്ടെത്തിയതുകൊണ്ട് ഇവിടം അറിയപ്പെടുത് കൊണ്ട് ഇവിടം ആദ്യം തിരുവിറക് കാവ് എന്നും പിന്നീടത്തിരുവർക്കാട്ട് കാവ് എന്നും അറിയപ്പെട്ടു എന്നാണ് വിശ്വാസം.ഇപ്പോഴുള്ള ക്ഷേത്രം പുതുക്കി പണിതീർത്തതാണ്. ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിച്ച ക്ഷേത്രം ചിറയ്ക്കൽ കോവിലകത്തെ “കൂനൻ’ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതു എന്നും തുകലശ്ശേരി കുഴിക്കാട്ട് ഗൃഹത്തിൽ ജനിച്ച മഹേശ്വരൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കടുശർക്കരയോഗവിധിപ്രകാരം തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നുമാണ് പുരാവൃത്തം.
ഉത്തരകേരളത്തിൽ കൂത്ത് നടക്കാറുള്ള ശാക്തേയകാവുകളിലൊന്നാണ് മാടായിക്കാവ്. ക്ഷേത്രമുഖ മണ്ഡപത്തിൽ കൂത്ത് അവതരിപ്പിക്കുന്ന കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന്. മാണി ചാക്യാർ കുടുംബക്കാർക്കാണ് കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം. ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയിലെ ആറാം അങ്കമായ ആങ്കുലീയാങ്കമാണ് മാടായിക്കാവിൽ അവതരിപ്പിക്കുന്നത്. കന്നി സംക്രമം മുതൽ തുലാസംക്രമം വരെയാണ് കാവിൽ കൂത്ത് അവതരിപ്പിച്ചുവരുന്നത്. കാവിലെ കൂത്തമ്പലവും മണ്ണുകൊണ്ടുള്ള മിഴാവും പ്രത്യേകതയാർന്നതാണ്.
ഉത്സവം
വസന്തോത്സവമായ മീനമാസത്തിലെ പൂരമഹോത്സവവും ഇടവത്തിലെ കലശമഹോത്സവവുമാണ് (പെരുങ്കളിയാട്ടം) മാടായിക്കാവിലെ പ്രധാന ഉത്സവങ്ങൾ. മീനത്തിലെ കാർത്തിക നാൾ മുതൽ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന പൂരോത്സവത്തിന്റെ ഭാഗമായുള്ള തിടമ്പെഴുന്നള്ളത്തും കളരിപ്പയറ്റും പൂരക്കളിയും ഉണ്ണിയപ്പ നിവേദ്യവും പൂരംകുളിയും അതിനോടനുബന്ധിച്ച് നടക്കുന്ന ചന്തയും പ്രസിദ്ധമാണ്..
രണ്ട് ശ്രീകോവിലുകളാണ് ഈ ക്ഷേത്രത്തിനുള്ളത്. കൂടാതെ നമസ്കാര മണ്ഡപം, ശാസ്താവ്, ക്ഷേത്രപാലൻ തുടങ്ങിയ ഉപദേവതകൾ, ചുറ്റമ്പലം, കലശപ്പുര, കുളം, കിണർ എന്നിവയും ഇവിടെ കാണാം.
രണ്ട് ശ്രീകോവിലുകളാണ് ഈ ക്ഷേത്രത്തിനുള്ളത്. കൂടാതെ നമസ്കാര മണ്ഡപം, ശാസ്താവ്, ക്ഷേത്രപാലൻ തുടങ്ങിയ ഉപദേവതകൾ, ചുറ്റമ്പലം, കലശപ്പുര, കുളം, കിണർ എന്നിവയും ഇവിടെ കാണാം.
മാരിത്തെയ്യം
മാരിക്കലിയന്‍, മാമാരിക്കലിയന്‍, മാരിക്കലച്ചി, മാമായക്കലച്ചി, മാരിക്കുളിയന്‍, മാമായക്കുളിയന്‍ എന്നീ ആറ് തെയ്യക്കോലങ്ങളാണ് മാരിത്തെയ്യങ്ങള്‍ എന്നറിയപ്പെടുന്നത്. മാടായിക്കാവ് പരിസരത്തെ വീടുകള്‍ കയറിയിറങ്ങുന്ന തെയ്യങ്ങള്‍ ദുരിതങ്ങള്‍ ഉഴിഞ്ഞുമാറ്റി ഐശ്വര്യത്തെ കുടിയിരുത്തുമെന്നാണ് വിശ്വാസം.
വഴിപാടുകളും പൂജ സമയവും
അകപൂജ, ശത്രുസംഹാരപൂജ എന്നിവയാണ് വഴിപാടുകളിൽ പ്രധാനം. ശാക്തയപൂജയായതിനാൽ കോഴിയാണ് പ്രധാന നിവേദ്യം. ക്ഷേത്രത്തിലെത്തുന്നവർക്ക് എല്ലാദിവസും അന്നദാനമുണ്ട്.സാധാരണ ദിവസങ്ങളിൽ രാവിലെ 4.30 മുതല്‍ 12.00 വരെ വൈകുന്നേരം 5.00 മുതൽ 7.30 വരെയുമാണ് ക്ഷേത്രനട തുറന്നിരിക്കുക. കന്നി ,തുലാം ,വൃശ്ചികം ,മകരം ,മീനം എന്നീ മാസങ്ങളില്‍ ചൊവ്വ ,വെള്ളി ദിവസങ്ങളില്‍ രാവിലെ 2മണിക്ക് നട തുറക്കും.
എങ്ങനെ എത്തിച്ചേരാം
കണ്ണൂർ ജില്ലയിൽ പഴങ്ങാടിയില്‍ നിന്നും പയ്യന്നൂരിലേക്കുള്ള റൂട്ടിൽഎരിപുരം എന്ന സ്ഥലത്താണ് മാടായിക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും 22 കിലോമീറ്റും പയ്യന്നൂരിൽ നിന്നും 13 കിലോമീറ്ററും തളിപ്പറമ്പിൽ നിന്നും 14.4 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
Referance:Wikipedia,Maadayipara.com