കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിക്കും ഭർത്താവിനും ദാരുണാന്ത്യം. കുറ്റ്യാട്ടൂർ സ്വദേശി റീഷ, പ്രജീത്ത് എന്നിവരാണ് മരിച്ചത്. പിൻസീറ്റിലിരുന്ന കുട്ടിയടക്കം നാലുപേർ രക്ഷപ്പെട്ടു. പ്രസവ വേദനയെ തുടർന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. രാവിലെ 10.40നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ഷോർട്ട് സർക്യൂട്ടാകാം കാറിന് തീപിടിക്കാൻ കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. പൂർണ്ണഗർഭിണിയായ റീഷയെ അഡ്മിറ്റാക്കാൻ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന ദമ്പതികള്‍ പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങി പോകുകയായിരുന്നു.
കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നത് റീഷയുടെ അമ്മയും അച്ഛനും ഇളയമ്മയും മൂത്ത മകളുമായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അവർക്ക് പ്രജീത്ത് കാറിന്റെ ഡോർ തുറന്നു കൊടുക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി