എന്താണ് ഹൃദ്യം പദ്ധതി ? എങ്ങനെ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ? കൂടുതൽ അറിയാം!

Admin
0
Hridyam for little hearts - Government of Kerala

ഒരു സ്വകാര്യ ചാനലിൻ്റെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിലൂടെ ചർച്ചയും വിവാദവും ആയ കേരള സർക്കാരിൻ്റെ ശിശു ചികിത്സ പദ്ധ്യതി ആണ് ഹൃദ്യം. എന്നാല് ഇപ്പോള് 'ഹൃദ്യം' പദ്ധതിയപ്പറ്റിയുള്ള മാധ്യമ പ്രവർത്തകൻ കേ ജേ ജേക്കബ്ൻ്റേ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നു.

എന്താണ് ഹൃദ്യം പദ്ധതി എന്നും എങ്ങനെ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നും വളരെ കൃത്യമായി മനസ്സിലാക്കി തരുന്നതാണ് പോസ്റ്റ് .


ഫേസ്ബുക്ക്  പോസ്റ്റിൻ്റെ പൂർണ്ണരൂപം 

ഗർഭാവസ്‌ഥ മുതൽ പതിനെട്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഹൃദ്രോഗം കണ്ടുപിടിച്ചാൽ ആ നിമിഷം തൊട്ടു സർക്കാരിന്റെ ഉത്തരവാദിത്തത്തിലും ചെലവിലും ശസ്ത്രക്രിയ അടക്കം ചികിത്സയും മരുന്നും ലഭ്യമാക്കുന്ന പദ്ധതി. ഇന്ത്യയിൽ കേരളത്തിൽ മാത്രം നടപ്പാക്കിയിട്ടുള്ള ഈ പദ്ധതിയുടെ ചെലവ് 60:40 എന്ന അനുപാതത്തിൽ കേന്ദ്ര-സംസ്‌ഥാന സർക്കാരുകളാണ് വഹിക്കുന്നത്.

ആയിരം കുഞ്ഞുങ്ങളിൽ എട്ട് പേർക്ക് ജന്മനായുള്ള ഹൃദ്രോഗം കണ്ടുപിടിക്കപ്പെടാറുണ്ട്. അവരിൽ രണ്ടു പേർക്ക് ഒരു വയസ്സിനുള്ളിൽ ത്തന്നെ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. ഇനിയൊരാൾക്കു അഞ്ചു വയസിനുള്ളിലും. ബാക്കിയുള്ളവർക്ക് മറ്റു ചികിത്സകൾ മതിയാകും.

നിർഭാഗ്യവശാൽ നമ്മൾക്ക് അറിയുന്ന ഒരു കുട്ടി ഇതിലൊരാളാണെങ്കിൽ, അക്കാര്യം കണ്ടുപിടിച്ചാൽ ഉടനെത്തന്നെ കുട്ടിയുടെ മാതാപിതാക്കൾക്കോ ആശുപത്രി അധികൃതർക്കോ ഡോക്ടർക്കോ നഴ്‌സിനോ ഒക്കെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. (www.hridyam.kerala.gov.in)

കുട്ടിയുടെ പേര് (നവജാത ശിശുവാണെങ്കിൽ ഇന്നാരുടെ കുട്ടി എന്ന് മതി); ലിംഗം, ജനനത്തിയതി, ജില്ലാ; കോൺടാക്ട് നമ്പർ എന്നീ അഞ്ചു വിവരങ്ങൾ മാത്രം വച്ച് പേര് രജിസ്റ്റർ ചെയ്യാം. അപ്പോൾത്തന്നെ ഒരു യൂണിക് നമ്പർ ലഭിക്കും.

രജിസ്റ്റർ ചെയ്‌താൽ പിന്നെ സംഭവിക്കുന്നത്:

വിവരം അപ്പോൾത്തന്നെ പദ്ധതിയുടെ ജില്ലാ മാനേജർക്കു ലഭിക്കും. അദ്ദേഹം മാതാപിതാക്കളെയോ ആശുപത്രിയെയോ ബന്ധപ്പെട്ടു കൂടുതലായുള്ള ക്ലിനിക്കൽ, വ്യക്തിഗത വിവരങ്ങൾ ശേഖരിക്കും. (മെഡിക്കൽ പ്രൊഫഷനലുകളാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ അവർക്കു വിവരം ആദ്യമേ തന്നെ നൽകാനുള്ള സൗകര്യവും ഉണ്ട്.) ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രീക്സുമായി ഈ പദ്ധതി ബന്ധപ്പെട്ടിട്ടുള്ളതിനാൽ എല്ലാ ശിശുരോഗവിദഗ്ധരുടെയും ആശുപത്രികളുടെയും വിവരങ്ങൾ ജില്ലാ ഓഫീസർമാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമാണെങ്കിൽ അവരെ ജില്ലാ ഓഫീർ ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കും.

ഈ വിവരങ്ങൾ കൃത്യമായ രൂപത്തിൽ രേഖപ്പെടുത്തി കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധന്മാരും കുട്ടികളുടെ ഹൃദ്രോഗ സർജന്മാരുമുള്ള ഒരു പാനലിലെ മൂന്നു പേർക്ക് ലഭ്യമാക്കും.

അവർ ഓരോരുത്തരും അര മണിക്കൂറിനുള്ളിൽ അവരുടെ അഭിപ്രായം അറിയിക്കും; ചികിത്സാ മുറയും.

ഏതെങ്കിലും കാരണവശാൽ ആ സമയത്തിനുള്ളിൽ, അതായതു അര മണിക്കൂറിനുള്ളിൽ, ഒരാൾക്ക് അഭിപ്രായം അറിയിക്കാൻ പറ്റിയില്ലെങ്കിൽ അടുത്തയാളിലേയ്ക്ക് പോകും.

മണിക്കൂറുകൾക്കുള്ളിൽ മിനിമം മൂന്നു വിദഗ്ധരുടെ അഭിപ്രായം ലഭ്യമാകും; അവർ ചികിത്സയും നിശ്ചയിച്ചിട്ടുണ്ടാകും. കൃത്യമായ പ്രോട്ടോക്കോൾ അനുസരിച്ചാണ് അവർ അഭിപ്രായം അറിയിക്കുക. അതിന്റെ അടിസ്‌ഥാനത്തിൽ സ്റ്റെയ്റ്റ് നോഡൽ ഓഫീസർ ചികിത്സ തീരുമാനിക്കും. അത് ചിലപ്പോൾ ശസ്ത്രക്രിയ ആയിരിക്കും; ചിലപ്പോൾ അടിയന്തിര ശസ്ത്രക്രിയ ആയിരിക്കും, ചിലപ്പോൾ മറ്റേതെങ്കിലും ചികിത്സ ആയിരിക്കും.

ശസ്ത്രക്രിയ ആണെകിൽ എംപാനൽ ചെയ്തിട്ടുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളിലേക്ക് ഈ വിവരം പോകുന്നു. അവർ അവർക്കു ലഭ്യമായിട്ടുള്ള ഏറ്റവും ആദ്യത്തെ സ്ലോട്ടുകൾ അറിയിക്കുന്നു.

ആ സ്ലോട്ടുകളുടെ വിവരങ്ങൾ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കും. ആ ആശുപത്രികളിൽനിന്നു ഒരെണ്ണം മാതാപിതാക്കൾക്ക് തെരഞ്ഞെടുക്കാം.

ഇത്രയും കാര്യങ്ങൾ പരമാവധി 24 മണിക്കൂറിനുള്ളിൽ നടക്കും. അടിയന്തിര ഘട്ടങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ കുഞ്ഞിനെ ഓപ്പറേഷൻ തിയറ്ററിൽ എത്തിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയ ആണെങ്കിൽ ആംബുലൻസടക്കം ഹൃദ്യം ലഭ്യമാക്കും.

ആഴ്ചയിലെ ഏഴുദിവസവും ദിവസം 24 മണിക്കൂറും ഈ പദ്ധതി നടക്കുന്നുണ്ടായിരിക്കും; രജിസ്റ്റർ ചെയ്‌താൽ ആദ്യ മൂന്നുമണിക്കൂറിൽ മൂന്നു വിദഗ്ധരുടെ അഭിപ്രായം തേടി ചികിത്സ നിശ്ചയിക്കും.

ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണവും അതേ ആശുപത്രിയിൽനിന്നും സൗജന്യമായി ലഭ്യമാക്കും

മിക്കവാറും കുട്ടികളുടെ കാര്യത്തിൽ സർജറിയോടെ അവരുടെ പ്രശ്നങ്ങൾ തീരും. ഏതാനും വർഷത്തെ തുടർചികിത്സയോടെ പൂർണ്ണാരോഗ്യം കൈവരിക്കും. വളരെ ചെറിയ ശതമാനമൊഴികെ ആരും ആജീവനാന്ത രോഗികളാകുന്നില്ല.

തുടർ ചികിത്സയും സ്‌കീമിന്റെ ഭാഗമാണ്. ഓരോ പഞ്ചായത്തിലും ഒരു നഴ്സ് സ്‌കീമിന്റെ ഭാഗമായുണ്ട്. അവർ കുട്ടിയുടെ തുടർ വിവരങ്ങൾ ഒരാഴ്ച , രണ്ടാഴ്ച, ഒരു മാസം എന്നിങ്ങനെയുള്ള കൃത്യമായ ഇടവേളകളിൽ അന്വേഷിച്ചു ആശുപത്രിക്കു റിപ്പോർട്ട് ചെയ്യും. തുടർചികിത്സ ആവശ്യമാണെങ്കിൽ ആശുപത്രി അതും ലഭ്യമാക്കും.

ഒരു ഘട്ടത്തിൽപ്പോലും രോഗികളിൽനിന്നു ഒരു രൂപ പോലും ഒരിടത്തും വാങ്ങുന്നില്ല. എന്ന് മാത്രമല്ല ഒരു കുഞ്ഞിന് അസുഖമുണ്ടെന്നു കണ്ടെത്തിയാൽപ്പിന്നെ ബാക്കി കാര്യങ്ങൾ സർക്കാർ ഏജൻസി കാര്യങ്ങൾ ഏറ്റെടുക്കുകയാണ്. ഇതിലെ ഓരോ ഘട്ടത്തിന് വീണ്ടും പലതരം ലേയറുകൾ വേറെയുമുണ്ട്; എഴുതിത്തിയിട്ടില്ല എന്നേയുള്ളൂ.

പദ്ധതി ആരംഭിക്കുന്ന 2017-ൽ 10 ആയിരുന്ന നമ്മുടെ ശിശുമരണ നിരക്ക് ഏകദേശം പകുതിയാക്കി 5.5 ലേക്ക് കുറച്ചുകൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ച, ആറായിരത്തി ഒരുനൂറ്‌ കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച, ഇന്ത്യയിൽ കേരളത്തിൽ മാത്രം നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതിയുടെ പേരാണ് ഹൃദ്യം.

എന്നുവച്ചാൽ,

നമ്മുടെ നാട്ടിൽ ഇന്നുവരെ ലഭ്യമായിട്ടുള്ള വൈദ്യശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ നേട്ടങ്ങളും സമർത്ഥമായും സുന്ദരമായും കൂട്ടിയിണക്കി അവ എല്ലാ കുഞ്ഞുങ്ങൾക്കും ലഭ്യമാക്കി അവരെ രക്ഷിച്ചെടുക്കാൻ നമ്മൾ നടത്തുന്ന ശ്രമത്തിന്റെ പേരാണ് 'ഹൃദ്യം'.

അതിപ്പോഴും മിടിച്ചുകൊണ്ടിരിക്കുന്നുണ്ട്.
നന്നായിത്തന്നെ.

ഈ പദ്ധതിയിൽ ഇപ്പോൾ അംഗങ്ങളായുള്ള സർക്കാർ ആശുപത്രികൾ:

ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, തിരുവനന്തപുരം.
സർക്കാർ മെഡിക്കൽ കോളജ്, കോട്ടയം
സർക്കാർ മെഡിക്കൽ കോളജ്‌, കോഴിക്കോട്

സ്വകാര്യ ആശുപത്രികൾ:
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി
ലിസി ആശുപത്രി, കൊച്ചി
ആസ്റ്റർ മെഡിസിറ്റി, കൊച്ചി
ആസ്റ്റർ മിംസ്, കോഴിക്കോട്
ബിലീവേഴ്‌സ് ചര്ച്ച മെഡിക്കൽ കോളേജ്, തിരുവല്ല

ആശുപത്രികൾ സർക്കാരിലേക്ക് അവരുടെ ബിൽ അയക്കും. സർക്കാർ നിശ്ചയിച്ച കണക്കനുസരിച്ച് പരമാവധി 1.70 ലക്ഷം രൂപ വരെ സർക്കാർ ആശുപത്രികൾക്ക് നൽകും. ആശുപത്രികൾ നൽകുന്ന ബില്ലുകൾ 17 ലക്ഷം വരെ പോയ കേസുകളുണ്ട്; അപ്പോഴും പരമാവധി തുക 1.70 ലക്ഷം രൂപ ആയിരിക്കും. നവജാത ശിശു ആണെകിൽ 30,000 രൂപ കൂടുതലായി നൽകും.

സാധാരണ ഗതിയിൽ ലഭ്യമാകുന്ന തുകയിലും വളരെ താഴെയാണ് ഈ പദ്ധതിവഴി നടത്തപ്പെടുന്ന ശസ്ത്രക്രിയകൾക്ക് സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കുന്നത്. പല ആശുപത്രികളും അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി ഫണ്ടിൽനിന്നും ഈ ചികിത്സകൾക്ക് പണം ലഭ്യമാക്കുന്നു, അല്ലെങ്കിൽ ആശുപത്രി നടത്തുന്ന സംഘടനകൾ പണം വകയിരുത്തുന്നു. ഉദാഹരണത്തിന് അമൃത ആശുപത്രിയിൽ ഈ പദ്ധതിയിലേക്ക് അമൃതാനന്ദമയീ മഠം പണം ചെലവിടുന്നു.

പദ്ധതിയ്ക്ക് കിട്ടുന്ന വലിയ ജന സ്വീകാര്യതയും അതിനിന്നുണ്ടാകുന്ന സൽപ്പേരുമാണ് ആശുപത്രികൾ മെച്ചമായി കണക്കാക്കുക.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)