സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു . വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. 2022 മാർച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഷഹാന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തുകയായിരുന്നു.
എട്ട് വർഷം മുൻപ് കുതിരത്തടം പൂന്തോപ്പിൽ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലിൽ ഇടിച്ച്
പരിക്കേൽക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പ്രണവിന്റെ ശരീരം പൂർണമായും തളർന്നത്. മണപ്പറമ്പിൽ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ്.