തളിപ്പറമ്പ്: ലോകോത്തര നിലവാരത്തിലുള്ള ഫാം ടൂറിസം അനുഭവമൊരുക്കുന്ന കരിമ്പം ആഗ്രോ ഇക്കോ ടൂറിസം പാർക്ക് ആദ്യ ഘട്ടം ഒരു വർഷത്തിനകം യഥാർഥ്യമാകും.
ടൂറിസത്തിലൂടെ കാർഷിക വ്യവസായത്തെ ഉത്തേജിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് കാർഷിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കുകയും അവരെ
കാർഷിക വ്യവസായത്തിലേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യും. മൂന്ന് കോടി ലിറ്റർ ജലം ഉൾക്കൊള്ളുന്ന സംഭരണി ഫാമിന്റെ പ്രധാന സവിശേഷതയാണ്.
വിദേശി, സ്വദേശി ടൂറിസ്റ്റുകളെയും കാർഷിക ഗവേഷകരെയും വിദ്യാർഥികളെയും ഉൾപ്പെടെ ആകർഷിക്കുന്ന വിധത്തിൽ മികവുറ്റ വികസന പദ്ധതികൾ ആസൂത്രണം ചെയ്യും. കാർഷിക ഉൽപന്നങ്ങൾ വാണിജ്യവൽക്കരിച്ച് വരുമാനം ഉണ്ടാക്കുകയും ശരിയായ മാർഗനിർദേശം നൽകി കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സമീപത്തെ നഴ്സറി ഉടമകൾക്ക് അവരുടെ പ്രവർത്തനങ്ങൾ ഫാമുമായി ബന്ധിപ്പിക്കുന്നതിന് സൗകര്യമൊരുക്കും. കന്നുകാലി ഫാം, തേനീച്ച വളർത്തൽ തുടങ്ങിയ കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ ഫാമിൽ അവതരിപ്പിക്കും.
പരമ്പരാഗത കൃഷിരീതികൾ നിലനിർത്തി ആധുനിക സങ്കേതങ്ങളിലൂടെ അത്യുൽപാദന ശേഷി കൈവരിക്കാനും അത് വിനോദ സഞ്ചാരികൾക്ക് പഠിക്കാനും സാധിക്കുന്ന രീതിയിൽ ഫാമിനെ നവീനമായ രീതിയിൽ സജ്ജീകരിക്കും. പാർക്കിനെ പ്രധാന കാർബൺ ന്യൂട്രൽ കേന്ദ്രമാക്കി മാറ്റും. ഫാമിന്റെ തനതായ ഭൂപ്രകൃതിയെ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ഫാം ടൂറിസമാണ് നടപ്പാക്കുക.ഫാമിനകത്ത് വിശാലമായ മിയോവാക്കി വന വൽക്കരണം കൂടി നടപ്പിലാക്കും.
സന്ദർശകർക്ക് കരകൗശലവസ്തുക്കൾ, ഫാം ഫ്രഷ് കാർഷിക ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങിക്കുന്നതിനുള്ള സൗകര്യവും ഫാമിൽ സജ്ജീകരിക്കും.
വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങളുടെ സംയോജനത്തിലൂടെ പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയാണ് അഗ്രോ ഇക്കോ ടൂറിസം പാർക്കിന്റെ ലക്ഷ്യമെന്ന് എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ പറഞ്ഞു.